ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഇടുക്കി ജില്ലയിലെ പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ്. 1952-ൽ രൂപീകൃതമായ ഈ സ്ഥാപനം പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വികസനത്തിൽ നിർണായക പങ്ക് വഹിച്ചുവരുന്നു. തുടർന്ന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ വളർച്ചയോടൊപ്പം ദേവികുളം ബ്ലോക്ക് പഞ്ചായത്തും വികസിച്ചു. 1973–74 കാലഘട്ടത്തിൽ കേരള പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പ്രാരംഭ രൂപങ്ങൾ ശക്തിപ്പെട്ടതോടെ ഗ്രാമീണ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു.
ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഒമ്പത് ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്: ദേവികുളം, മൂന്നാർ, മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാൽ, ഇടമലക്കുടി. ഇടമലക്കുടി കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്ത് എന്ന പ്രത്യേകതയും ഈ ബ്ലോക്ക് പഞ്ചായത്തിന് അഭിമാനമായി നിലകൊള്ളുന്നു.
മലനിരകളും തേയില തേയിലതോട്ടങ്ങളും ചോലവനങ്ങളും നദികളും അരുവികളും കൊണ്ട് സമ്പന്നമായ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹിക്കപ്പെട്ട പ്രദേശമാണ്. വിനോദസഞ്ചാരം, കൃഷി, തോട്ടവിളകൾ, വനസമ്പത്ത് എന്നിവയാണ് ഇവിടുത്തെ പ്രധാന വരുമാന സ്രോതസ്സുകൾ. പ്രകൃതിയോടും പരിസ്ഥിതിയോടും ഇണങ്ങി ജീവിക്കുന്ന ജനവിഭാഗങ്ങളുടെ വൈവിധ്യവും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.
1,21,577 ജനങ്ങൾ അധിവസിക്കുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സ്ത്രീശാക്തീകരണം, പട്ടികവർഗ ക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. പ്രകൃതി വിഭവങ്ങളും സാംസ്കാരിക വൈവിധ്യവും ആദിവാസി പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് സുസ്ഥിര വികസനത്തിന് മാതൃകയാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമായി ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഇന്ന് നിലകൊള്ളുന്നു.